അടിമാലി: എകെജി സെന്ററിന്റെ ഭൂമിയാണ് അളക്കുന്നതെന്ന വാര്‍ത്തകള്‍ ചില മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നതാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്. വിപുലീകൃത ഇടുക്കി ജില്ലാ കമ്മിറ്റി ഉദ്ഘാടനം ചെയ്യാന്‍ അടിമാലിയിലെത്തിയ അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു.
ഹൈക്കോടതി നിര്‍ദേശ പ്രകാരം കേരള സര്‍വകലാശാലയുടെ ഭൂമിയാണ് അളക്കുന്നത്. അതില്‍ ഇടപെടേണ്ട കാര്യം ഞങ്ങള്‍ക്കില്ല. സര്‍വകലാശാലയുമായി ബന്ധപ്പെട്ട കേസ് ഹൈക്കോടതിയില്‍ നില്‍ക്കുകയാണ്.
എകെജി സെന്ററിന്റെ ഭൂമി അളക്കണമെന്ന് താത്പര്യമുള്ള ചിലരുണ്ട്. അതിനാലാണ് ചില മാധ്യമങ്ങള്‍ ആ രീതിയില്‍ വാര്‍ത്ത കൊടുത്തത്. എകെജി സെന്ററിന്റെ ഭൂമി ആധികാരികമായ രേഖയുടെ അടിസ്ഥാനത്തിലുള്ളതാണ്.
സര്‍വകലാശാലയുടെ ഭൂമി കൂടി അന്ന് വാങ്ങിയിട്ടുണ്ട്. അതും നിയമാനുസൃതമാണ്. എ.കെ. ആന്റണി സര്‍ക്കാരാണ് നിയമപരമായി എകെജി പഠന ഗവേഷണ കേന്ദ്രത്തിന് ഭൂമി അനുവദിച്ചതെന്നും എം.വി. ഗോവിന്ദന് പറഞ്ഞു.